തൃശ്ശൂരെടുത്ത് സുരേഷ് ഗോപിക്ക് കൊടുത്തു ,പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി ഇറങ്ങിയതോടെ തൃശൂരിലെ ബിജെപി പ്രതീക്ഷ വാനോളം ഉയരുകയാണ്. സുരേഷ് ഗോപിയുടെ താരപ്രശസ്തിയും മികച്ച സംഘടനാ സംവിധാനവും കുതിച്ചുയരുന്ന വോട്ട് വളർച്ചയും ഒപ്പം ക്രൈസ്തവസഭയുടെ പിന്തുണയിലുമാണ് പാർട്ടിയുടെ വിശ്വാസം. അപ്പോഴും ത്രികോണപ്പോരിൽ ഒന്നേകാൽ ലക്ഷത്തിലേറെ വോട്ടിൻറെ കടമ്പ കടക്കലാണ് ബിജെപിക്ക് മുന്നിലെ പ്രധാന വെല്ലുവിളി.തൃശ്ശൂർ ഇത്തവണ ശരിക്കും എടുത്തിരിക്കുമെന്നാണ് ബിജെപി പറയുന്നതിന് കാരണങ്ങൾ പലതാണ്. കഴിഞ്ഞ തവണ തോറ്റിട്ടും നാലുവർഷം മണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്ന സുരേഷ് ഗോപി തന്നെയാണ് അതിനുള്ള പ്രധാന കാരണം.രണ്ട് പതിറ്റാണ്ട് കൊണ്ട് ആറിൽ നിന്നും 28 ശതമാനമായി ബിജെപിയുടെ വോട്ട് വിഹിതം തൃശ്ശൂരിൽ ഉയർന്നതും പാർട്ടിക്ക് പ്രതീക്ഷ നൽകുന്ന ഘടകമാണ്. അടിസ്ഥാന ഹിന്ദുവോട്ടുകൾക്കപ്പുറത്ത് എന്നും വെല്ലുവിളിയായിരുന്ന ക്രിസ്ത്യൻ വിഭാഗത്തിന് കൂടി വരുന്ന അടുപ്പവും നിർണായകമാകും.
ബിജെപിയുടെ ആറ് എ ക്ലാസ് മണ്ഡലങ്ങളിൽ ഒന്നാമതാണ് തൃശ്ശൂർ. അതിനാൽ തന്നെ പതിവ് രീതികളെല്ലാം തെറ്റിച്ചാണ് ശക്തൻറെ തട്ടകത്തിലെ ബിജെപി ശക്തികൂട്ടൽ. സ്ഥാനാർത്ഥിയെ നേരത്തെ പ്രഖ്യാപിച്ചും ചുവരെഴുതിയുമെല്ലാം കളംപിടിക്കൽ സജീവമാണ്. ആദ്യം അമിത് ഷായെത്തി. ഇപ്പോൾ മോദിയുമെത്തി. തൃശൂരിൻറെ മനസ്സറിഞ്ഞ് തന്നെയാണ് വാരണാസിയും വടക്കുനാഥൻറെ മണ്ണും തമ്മിലെ സാമ്യം പറഞ്ഞതും മോദിയുടെ ഗാരൻറിയുമെല്ലാം നരേന്ദ്ര മോദി എടുത്തുപറഞ്ഞത്. അങ്ങനെയാണെങ്കിൽ വരാനുള്ളത് 2019 ക്കും മേലെയുള്ള അതിശക്തമായ ത്രികോണപ്പോരായിരിക്കും. തൃശ്ശൂരിൽ 35 ശതമാനത്തോളമാണ് ന്യൂനപക്ഷ വോട്ട്. സഭക്ക് അടുപ്പമെന്ന് പറയുമ്പോഴും കത്തിത്തീരാത്ത മണിപ്പൂർ പ്രശ്നം തന്നെ ബിജെപിക്ക് വെല്ലുവിളിയായി മാറുകയാണ്. ജയിക്കാൻ ചാൻസുണ്ടെന്ന ഘട്ടത്തിൽ മികച്ച എതിർസ്ഥാനാർത്ഥിക്ക് വോട്ട് ഏകീകരിച്ചുപോകുന്ന കേരള ബിജെപിയുടെ എക്കാലത്തെയും നെഗറ്റീവ് ഫാക്ടർ മറികടക്കലും പ്രതിസന്ധിയാണ്. എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,