രാജ്യത്തെ പാവപ്പെട്ട, ഇടത്തരം കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള പുതിയ സൗരോർജ പദ്ധതിയുമായി കേന്ദ്ര സർക്കാർ രംഗത്ത്. ഒരു കോടി വീടുകളുടെ മേൽക്കൂരയിൽ സോളാർ സംവിധാനത്തിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്ന പ്രധാനമന്ത്രി സൂര്യോദയ യോജന എന്ന പുതിയ ഊർജ പദ്ധതി കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. അയോധ്യ രാമക്ഷേത്ര ചടങ്ങുകളുമായി ബന്ധപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ ഗാർഹിക സോളാർ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്
സാധാരണക്കാരുടെ കുടുംബങ്ങളിലെ കറൻ്റ് ചാർജ് കുറയ്ക്കുന്നതിനൊപ്പം രാജ്യത്തിൻ്റെ ഊർജ സ്വയം പര്യാപ്തതയിലേക്കു കൂടി സൂര്യോദയ യോജന സഹായകരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടി.
കൂടാതെ അധിക വൈദ്യുതി ഉത്പാദനത്തിലൂടെ വരുമാനം കരസ്ഥമാക്കാനും സൂര്യോദയ യോജനയിൽ അവസരം ഉണ്ടാകുമെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി. അതേസമയം പുതിയ കേന്ദ്ര പദ്ധതി പ്രഖ്യാപിച്ചതോടെ, സോളാർ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട ഓഹരികളിൽ ഇന്ന് മുന്നേറ്റം ദൃശ്യമായി.ചൊവ്വാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ പ്രധാന ഓഹരി സൂചികകൾ ഒന്നര ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോഴും സോളാർ ഓഹരികൾ മികച്ച നേട്ടം കരസ്ഥമാക്കി എന്നതും ശ്രദ്ധേയം. രാവിലെ വിപണി നേട്ടത്തിൽ നിൽക്കവേ, സോളാർ ഓഹരികളിൽ 19 ശതമാനം വരെ മുന്നേറ്റം കാഴ്ചവെച്ചിരുന്നു. ഉച്ചയോടെ വിപണി തകർച്ച നേരിട്ട ഘട്ടത്തിലാണ് ഈ ഓഹരികളിലെ നേട്ടം 5 ശതമാനത്തിലേക്ക് പരിമിതപ്പെട്ടുപോയത്. സോളാർ ഓഹരികളിൽ മിക്കവയും ഇന്ന് ഒരു വർഷക്കാലത്തെ ഉയർന്ന നിലവാരവും തിരുത്തിയെഴുതി. കൂടുതൽ അറിയാൻ വീഡിയോ കാണുക,