ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യൻ പൗരൻമാർക്ക് ആധാർ കാർഡ് എടുക്കുന്നതിനുള്ള നിബന്ധനകളിൽ മാറ്റം. സാധുതയുള്ള ഇന്ത്യൻ പാസ്പോർട്ട് മാത്രമാണ് ആധാർ എടുക്കാൻ പ്രവാസികളിൽ നിന്ന് സ്വീകരിക്കുന്ന ഒരേയൊരു തിരിച്ചറിയൽ രേഖയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.സാധുതയുള്ള ഇന്ത്യൻ പാസ്പോർട്ടുള്ള എല്ലാ വിദേശ ഇന്ത്യക്കാർക്കും ആധാർ ലഭിക്കും. എന്നാൽ 2023 ഒക്ടോബർ ഒന്നിന് ശേഷം ജനിച്ച വിദേശ ഇന്ത്യക്കാരും അല്ലാത്തവരും ജനന സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്നു മാത്രം.
പുതുക്കിയ നിബന്ധനകൾ പ്രകാരം പ്രവാസികൾക്ക് ആധാർ എടുക്കാൻ ഇനി പ്രത്യേക ഫോറങ്ങളാണ് ഉപയോഗിക്കേണ്ടത്. വിവിധ പ്രായക്കാർക്ക് ഉപയോഗിക്കേണ്ട ഫോറങ്ങളിലും വ്യത്യാസമുണ്ട്.
ആധാർ എന്റോൾമെന്റിനും മറ്റ് സേവനങ്ങൾക്കുമായി ഉപയോഗിക്കേണ്ട ഫോറങ്ങളുടെ വിവരങ്ങളും യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി പുറത്തിറക്കി.ഇന്ത്യയിൽ വിലാസമുള്ളവരും 18 വയസിന് മുകളിൽ പ്രായമുള്ളവരുമായ സ്വദേശികളും വിദേശ ഇന്ത്യക്കാരും ആധാർ എന്റോൾമെന്റിനും തിരുത്തലുകൾക്കും ഉപയോഗിക്കേണ്ടത് ഒന്നാം നമ്പർ ഫോറമാണ്. വിദേശത്തെ വിലാസം നൽകുന്ന 18 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾ രണ്ടാം നമ്പർ ഫോറം ഉപയോഗിക്കണം.അഞ്ച് വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ളവരും ഇന്ത്യയിൽ വിലാസമുള്ളവരുമായ സ്വദേശികളും വിദേശ ഇന്ത്യക്കാരും ഫോറം നമ്പർ മൂന്ന് ആണ് ആധാർ എന്റോൾമെന്റിനും തിരുത്തലുകൾക്കും ഉപയോഗിക്കേണ്ടത്. ഇന്ത്യക്ക് പുറത്തുള്ള വിലാസം നൽകുന്ന, അഞ്ച് വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ള പ്രവാസികളായ കുട്ടികൾക്ക് വേണ്ടി ഫോറം നമ്പർ നാല് ഉപയോഗിക്കാം.കൂടുതൽ അറിയാൻ വീഡിയോ കാണുക ,.